News and Events

news-events-amala-antonian
നിര്‍ധന കുടുംബത്തിന് കാരുണ്യ ഭവനമൊരുക്കി കൊരട്ടി, വി. അന്തോണീസിന്റെ തീർത്ഥാടന കേന്ദ്രം

തകര്‍ന്നു വീഴാറായ വീട്ടില്‍ മേലൂര്‍ പൂലാനി സ്വദേശി കുണ്ടിനി (കാവുംപുറത്ത്) ഉദയനും ശ്രീദേവിയും അനുഭവിച്ച ദുരിത ജീവിതത്തിന് പരിഹാരമായി കൊരട്ടി വി. അന്തോണീസിന്റെ തീർത്ഥാടന കേന്ദ്രം സമ്മാനിക്കുന്ന കാരുണ്യ ഭവനം. പരി. അമ്മയുടെ സ്വർഗ്ഗാരോപണ തിരുന്നാളും വിശുദ്ധ അന്തോണീസിന്റെ ജനനത്തിരുന്നാളും ആഘോഷിക്കുന്ന 2021 ഓഗസ്റ്റ് 15 ന് പള്ളി നിര്‍മിച്ചു നല്‍കിയ പുതിയ ഭവനത്തിലേക്ക് ഉദയനും ഭാര്യ ശ്രീദേവിയും മകന്‍ ശ്രീഹരിയും  വലതുകാല്‍ വച്ചു കയറി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ പോലും പൂര്‍ത്തികരിക്കാത്ത തകര്‍ന്നു വീഴാറായ വീടിനകത്താണ് ഈ കൊച്ചു കുടുംബം കഴിഞ്ഞു പോന്നിരുന്നത്. ഇതിനിടെ ജോലിയുടെ ഭാഗമായി ഇവിടെയെത്തിയ പിങ്ക് പൊലീസിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.എം.ഷൈല, ജെന്നിഫര്‍ ജോസഫ് എന്നിവരുടെയടുത്ത് പഞ്ചായത്തംഗം അംബിക ബാബു ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ് വഴിത്തിരിവായത്. പിങ്ക് പൊലീസ് വഴി കുടുംബത്തിന്റെ കഥയറിഞ്ഞ അമലോത്ഭവമാതാ പള്ളി വികാരി ഫാ.ജോസഫ് ബിജു തട്ടാരശേരി ജൂണ്‍മാസത്തിലെ തിരുനാളിന്റെ ഭാഗമായി നടപ്പാക്കുവാന്‍ തീരുമാനിച്ചിരുന്ന കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ കുടുംബത്തിനു വീടു നിര്‍മിച്ചു നല്‍കുവാനായി തീരുമാനമെടുത്തു. കുടുംബത്തിനു സ്വന്തമായുള്ള 5 സെന്റ് ഭൂമിയില്‍ അങ്ങിനെ 6 ലക്ഷം രൂപ ചെലവില്‍ എല്ലാ സൗകര്യവും ഉള്‍ക്കൊള്ളുന്ന 550 ചതുരശ്ര വിസ്തീര്‍ണമുള്ള വീട് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പള്ളി ഒരുക്കി നല്‍കുകയായിരുന്നു. വീടിന്റെ ഓരോ ഘട്ട നിര്‍മാണ പ്രവര്‍ത്തികളും പള്ളി അധികൃതര്‍ നേരിട്ടെത്തി വിലയിരുത്തിയിരുന്നു. ജോയ് പള്ളിപ്പറമ്പിലിന് ആയിരുന്നു നിര്‍മാണ കരാര്‍. എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന ഊട്ടു തിരുന്നാളിനോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തികളും പള്ളി നടപ്പിലാക്കി വരാറുണ്ട്. കോവിഡ് കാലമായതിനാല്‍ കഴിഞ്ഞ രണ്ടു തവണകളായി ഊട്ടു നേര്‍ച്ച ഒഴിവാക്കി പള്ളിയിലെ ചടങ്ങുകള്‍ മാത്രമാണ് നടത്തിയിരുന്നത്. പുതിയ വീടിന്റെ താക്കോല്‍ദാനം സഹവികാരി ഫാ.ജോബി ആലപ്പാട്ട് നിര്‍വഹിച്ചു. ഫാ.നിശാന്ത് സെബാസ്റ്റ്യന്‍, പള്ളി ഭാരവാഹികളായ ജോളി പുളിക്കന്‍, ബിനു ജോസഫ് ചാലവീട്ടില്‍, ടെറി കബ്രാള്‍, പിങ്ക് പൊലീസ് അംഗങ്ങളായ പി.എം.ഷൈല, ജെന്നിഫര്‍ ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.