അവൻ വീണ്ടും പറഞ്ഞു, അവർ ആയുദ്ധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിച്ചു. നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവൻ തന്നെയും അംഗുലീ ചലനം കൊണ്ട് തറപറ്റിക്കാൻ കഴിയുന്ന സർവശക്തനായ ദൈവത്തിലാണ് എൻറെ ആശ്രയം. (2 മക്കബായർ 8:18). അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോണീസിനും പരിശുദ്ധ അമ്മയ്ക്കും ആയിരം നന്ദി. എൻറെ മകൻറെ വിദ്യാഭ്യാസത്തിന് ഒരു ലോണിനു വേണ്ടി ബാങ്ക് ഓഫ് ബറോഡയിൽ ഒരു ആപ്ലിക്കേഷൻ ഞാൻ വെച്ചു. എന്നാൽ പപ്പയ്ക്ക് മറ്റൊരു ലോൺ ഉള്ളതിനാൽ ആ ബാങ്കിൽ നിന്നും N.O.C തരാൻ സാധ്യമല്ല എന്ന് ബാങ്കുകാർ പറഞ്ഞു. വളരെയധികം നിരാശയോടെ എൻറെ മകൻറെ വിദ്യാഭ്യാസം മുടങ്ങി എന്ന് ഞാൻ ഉറപ്പിച്ചു. എങ്കിലും ഞാൻ കണ്ണീരോടെ മുകളിൽ പറഞ്ഞ വാക്യം നിരന്തരം പറഞ്ഞുകൊണ്ട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. മൂന്നുമാസത്തിനുശേഷം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാതാപിതാക്കളുടെ സാമ്പത്തിക സ്രോതസ്സോ അവരുടെ ബാധ്യതകളോ പരിഗണിക്കരുത് എന്ന് ഒരു കോടതി വിധി വന്നു. അതോടെ ഞാൻ പ്രാർത്ഥനയോടെ വീണ്ടും ലോൺ ആപ്ലിക്കേഷൻ വെച്ചു. അപ്പോൾ അവർ പിന്നെയും കുറെ പേപ്പറുകൾ വേണമെന്ന് പറഞ്ഞ് എന്നെ പറഞ്ഞു വിട്ടു. അതെല്ലാം ഞാൻ ശരിയാക്കി കൊടുത്തു. അപ്പോൾ പറഞ്ഞു വിദ്യാലക്ഷ്മി പോർട്ടലിൽ രജിസ്റ്റർ ചെയ്തപ്പോൾ കോളേജിൻറെ പേര് വെച്ചിട്ടില്ലാത്തതിനാൽ അത് ക്യാൻസൽ ചെയ്യേണ്ടി വരുമെന്ന്. ഞങ്ങളുടെ ചേട്ടൻറെ മകന് വേണ്ടിയും ഇതുപോലെ ലോൺ അപേക്ഷിച്ചിട്ടുണ്ടായിരുന്നു. ഇതുതന്നെയായിരുന്നു സ്ഥിതി. അങ്ങനെ ഒരു വെള്ളിയാഴ്ച ദിവസം ഞാനും ചേച്ചിയും കൂടി രാവിലെ മുതൽ അക്ഷയയിൽ പോയി ഇരുന്നിട്ട് ഒന്നും ശരിയായില്ല. തിരിച്ചു പോകുമ്പോൾ ഞങ്ങൾ രണ്ടാളും കൂടി അന്തോണീസ് പുണ്യാളന്റെ അടുത്തുവന്നു. അപ്പോൾ ഇവിടെ ആരാധനയുടെ സമയമായിരുന്നു. ഈ അൾത്താരയിൽ ഇരിക്കുന്ന ഈശോയെ നോക്കി കുറെ കരഞ്ഞ് വിഷമങ്ങൾ എല്ലാം പറഞ്ഞു. പള്ളിയിൽനിന്നും പുറത്തേക്കിറങ്ങിയപ്പോൾ വികാരിയച്ചനെ കണ്ടു. ഞങ്ങൾ വളരെ വിഷമത്തോടെ കാര്യങ്ങളെല്ലാം വികാരിയച്ചനോട് പറഞ്ഞു. അപ്പോൾ അച്ഛൻ പറഞ്ഞു, അന്തോണീസ് പുണ്യാളന്റെ മുമ്പിൽ ചെന്നിട്ട് ലോൺ എല്ലാം ശരിയാക്കി തരണം നന്ദി എഴുതിടാം എന്ന് പറഞ്ഞ് കണ്ണീരോടെ പ്രാർത്ഥിക്കാൻ. അങ്ങനെ പ്രാർത്ഥിച്ച് ഞങ്ങൾ തിരിച്ചു പോയി. അത്ഭുത പ്രവർത്തകനായ അന്തോണീസ് പുണ്യാളൻറെ അനുഗ്രഹത്താൽ രണ്ടാഴ്ചയ്ക്കുശേഷം ലോൺ ശരിയായി എന്ന് പറഞ്ഞ് ബാങ്കിൽ നിന്നും വിളിച്ചു. ചേട്ടൻറെ മകനും എൻറെ മകനും ഒരുമിച്ച് പഠിക്കുവാനായി പോവുകയും ഫീസ് അടക്കുകയും ചെയ്തു. ഇത്രയധികം വലിയ അനുഗ്രഹങ്ങൾ ഞങ്ങളുടെ കുടുംബത്തിന് ലഭിച്ചത് അന്തോണീസ് പുണ്യാളൻറെയും മാതാവിനെയും മാധ്യ സഹായത്താൽ ആണെന്ന് ഞങ്ങൾ പൂർണ്ണമായും വിശ്വസിക്കുന്നു. പുണ്യവാളനും മാതാവിനും ഈശോയും ആയിരം നന്ദി അർപ്പിക്കുന്നു.
എന്ന് ഒരു വിശ്വാസി.