പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസി നും ഒത്തിരി നന്ദി. എൻ്റെ പേര് സിമി. എൻ്റെ സഹോദരനുവേണ്ടിയാണ് ഈ നന്ദി അറിയിക്കുന്നത്. രണ്ടുവർഷമായി ഒരുപാട് വിവാഹാലോചനകൾ വന്നിട്ട് ഒന്നും ശരിയായില്ല. ആ സമയത്താണ് എൻ്റെ വീടിന്റെ അടുത്തുള്ള ഒരു സഹോദരി വിശുദ്ധ അന്തോണിസിന്റെ കൊരട്ടി പള്ളിയിൽ വന്ന മാധ്യസ്ഥം പ്രാർത്ഥിച്ചാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞത്. ഞാൻ ഇടയ്ക്കൊക്കെ ഇവിടെ വരാറുണ്ടായിരുന്നു. അതിനുശേഷം 9 ആഴ്ച ഇവിടെ വന്നു കിരീടം എടുത്ത് വെച്ച് തിരുസ്വരൂപത്തിൽ മാലകൾ ചാർത്തി പ്രാർത്ഥിക്കുകയും ചെയ്തു. വലിയ താമസം കൂടാതെ സഹോദരന്റെ വിവാഹം ഭംഗിയായി നടന്നു. ഇപ്പോൾ ഒരു കുഞ്ഞുണ്ട്. കൂടാതെ എൻ്റെ വലതുകൈയുടെ മുട്ടിന് ഭയങ്കര വേദനയായിരുന്നു. ടെന്നീസ് എൽബോ എന്ന അസുഖമായിരുന്നു. മരുന്നുകൾ കഴിക്കുകയും ഫിസിയോതെറാപ്പി ചെയ്യുകയും ചെയ്തിട്ട് വേദന മാറിയിരുന്നില്ല. ഇവിടെ വന്ന് അന്തോണീസ് പുണ്യാളനോടും പരിശുദ്ധ അമ്മയോടും മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കുകയും പള്ളിയുടെ മുൻവശത്തുള്ള നിലവിളക്കിലെ എണ്ണ കൈമുട്ടിൽ പുരട്ടുകയും ചെയ്തിരുന്നു. പിന്നീട് വേദന ഉണ്ടായിട്ടില്ല. ഇത്രയും വലിയ അനുഗ്രഹങ്ങൾ നൽകിയ . പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും കോടാനകോടി നന്ദി അർപ്പിക്കുന്നു.