വിശുദ്ധ അന്തോണീസ് പുണ്യവാനും പരിശുദ്ധ അമ്മയ്ക്കും കോടാനു കോടി നന്ദിയുടെ വാടാമലരുകൾ.എൻറെ ഭർത്താവ് മദ്യത്തിന് അടിമയായിരുന്നു.വിദേശത്ത് നല്ലൊരു കമ്പനിയിൽ നല്ലൊരു ജോലിയായിരുന്ന അദ്ദേഹം പലപ്പോഴും ജോലിക്ക് പോകാതെയിരുന്ന് മദ്യപിക്കും.മദ്യപാനം മൂലം ജോലി നഷ്ടപ്പെടുന്ന അവസ്ഥ വരെ എത്തി.ഒരു നേഴ്സ് ആയ എനിക്ക് ഇളയ മകളുടെ അസുഖം മൂലം ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല .സഹായത്തിന് ആരുമില്ലാതിരുന്ന ഞങ്ങൾക്ക് ഭർത്താവിൻറെ ജോലി നഷ്ടപ്പെട്ടാൽ ജീവിക്കാൻ ഒരു മാർഗ്ഗവും ഇല്ലാതാവും .ഓർമ്മവച്ച നാൾ മുതൽ ഈ ദേവാലയത്തിൽ വന്ന് കുർബാനയിലും നൊവേനയിലും ഞാൻ പങ്കെടുക്കുമായിരുന്നു .ഒത്തിരി അനുഗ്രഹങ്ങൾ തന്ന് പരിപാലിച്ച എന്നെ മാതാവും അന്തോണീസ് പുണ്യവാളനും കൈവിടില്ല എന്ന ശക്തമായ ഉറപ്പ് എനിക്കുണ്ടായിരുന്നു .2019 ജൂൺ മാസത്തിൽ പുണ്യവാളന്റെ ഊട്ടുതിരനാൽ ദിനത്തിൽ രൂപം ഇറക്കിയപ്പോൾ ഞാൻ മനംനൊന്ത് പ്രാർത്ഥിച്ചു."അമ്മേ, മാതാവേ , പുണ്യവാളാ, അടുത്തവർഷം പുണ്യവാളന്റെ തിരുനാൾ ആകുമ്പോഴേക്കും എൻറെ ഭർത്താവിന് മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ നൽകി അനുഗ്രഹിക്കണമേ" ഞാൻ സാക്ഷ്യപ്പെടുത്തിക്കൊള്ളാമെന്നും നേർന്നു.അത്ഭുതമെന്നു പറയട്ടെ ആ വർഷം ആഗസ്റ്റ് 15 തീയതി മുതൽ അദ്ദേഹം മദ്യം പൂർണ്ണമായി ഉപേക്ഷിച്ചു .ഇന്നുവരെ അദ്ദേഹം മദ്യം ഉപയോഗിച്ചിട്ടില്ല .കൊറോണ മൂലം ഉണ്ടായ തടസ്സങ്ങൾ മൂലം എഴുതിയിടാൻ എനിക്ക് സാധിച്ചില്ല .വൈകിയതിന് ക്ഷമ ചോദിക്കുന്നു .ഇത്രയും വലിയ അനുഗ്രഹം തന്ന് എൻറെ കുടുംബത്തെ അനുഗ്രഹിച്ചതിന് എൻറെ ജീവിതകാലം മുഴുവൻ നന്ദി പറഞ്ഞാലും തീരില്ല.ഇനിയും നിങ്ങളുടെ ശക്തമായ ഇടപെടലുകൾ എൻറെ കുടുംബത്തിലും ഈ സമൂഹത്തിലെ വേദനിക്കുന്ന എല്ലാ കുടുംബങ്ങളിലും ഉണ്ടാകണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു.
എന്ന്
അങ്ങയുടെ എളിയ ദാസി.