പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണീസേ ഞങ്ങളുടെ ഭവനത്തിനു നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയുന്നു. എന്റെ മകന് നല്കിയ അനുഗ്രഹത്തിന് നന്ദി പറയുന്നതിനുവേണ്ടിയാണ് ഈ കൃതജ്ഞത എഴുതുന്നത്. എന്റെ മകന് ജര്‍മ്മനിയില്‍ പഠിക്കുവാന്‍ എല്ലാ പേപ്പര്‍ വര്‍ക്കുകളും ചെയ്തു. ജര്‍മനിയിലേക്ക് പോകുവാന്‍ എല്ലാം ശരിയായി ഇരിക്കുമ്പോഴാണ് കോവിഡ് 19 എന്ന മഹാമാരി വന്നത്. അതുകൊണ്ട് പോകുവാന്‍ സാധിച്ചില്ല. ഞങ്ങള്‍ പരിശുദ്ധ അമ്മയോടും വിശുദ്ധ അന്തോണിസിനോടും നിരന്തരം പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. വികാരിയച്ചനോട് എല്ലാം കാര്യവും പറഞ്ഞ് പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ട് ചൊവ്വാഴ്ചകളില്‍ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ നൊവേന ശുശ്രൂഷയില്‍ മുടക്കം കൂടാതെ പങ്കെടുത്തു കൊണ്ടിരുന്നു. എല്ലാദിവസവും ദിവ്യബലിയിലും പങ്കെടുത്തു ഈ നിയോഗത്തിനായ് പ്രാര്‍ത്ഥിച്ചിരുന്നു. 2020 ആഗസ്റ്റ് മാസത്തില്‍ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റെയും തിരുനാളിന് ഒരുക്കമായ നവനാള്‍ ദിനങ്ങളില്‍ മുടക്കം കൂടാതെ കുര്‍ബാനയിലും നൊവേനയിലും പങ്കെടുത്ത പ്രാര്‍ത്ഥിച്ചിരുന്നു. ഇപ്രകാരം വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി മകനു പോകുവാന്‍ ഉണ്ടായിരുന്ന എല്ലാ തടസ്സങ്ങളും മാറി തിരുനാള്‍ ദിനത്തില്‍ തന്നെ ജര്‍മനിയിലേക്ക് പോകുവാന്‍ സാധിച്ചു. ഇത്രയും വലിയ അനുഗ്രഹം ഈശോയില്‍ നിന്ന് വാങ്ങിത്തന്ന പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും ആയിരമായിരം നന്ദി അര്‍പ്പിക്കുന്നു. പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണീസേ നിങ്ങളുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്ന എല്ലാ മക്കള്‍ക്കും വേണ്ടി മാധ്യസ്ഥം വഹിക്കണമെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്
ഒരു വിശ്വാസി