Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും ഒത്തിരി ഒത്തിരി നന്ദി അർപ്പിക്കുന്നു. എന്റെ പേര് സിണോക്ക ശ്യാം എന്നാണ്. കഴിഞ്ഞ 4 വർഷമായി ഞാൻ ദുബായിൽ ജോലി ചെയ്യുന്നു. കഴിഞ്ഞ 2 വർഷമായി എന്റെ മാതാപിതാക്കൾ എനിക്ക് അനുയോജ്യമായ ഒരു വരനെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരുപാട് വിവാഹ ആലോചനകൾ വന്നെങ്കിലും ഒന്നുംതന്നെ നിശ്ചയിക്കപ്പെടുന്നുണ്ടായിരുന്നില്ല. ആയതിനാൽ ഞാനും മാതാപിതാക്കളും അസ്വസ്ഥരായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് എന്നോടൊപ്പം താമസിക്കുന്ന സിന്ധു ചേച്ചിയോട് ഞാൻ പറഞ്ഞു. സിന്ധു ചേച്ചി പരിശുദ്ധ അമ്മയുടേയും അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണിസിന്റേയും മാധ്യസ്ഥം യാചിച്ചു പ്രാർത്ഥിക്കുന്ന ഒരു വലിയ വിശ്വാസിയാണ്. ചേച്ചി എന്നോട് ഉപവാസം എടുത്ത് 9 ചൊവ്വാഴ്ചകൾ പ്രാർത്ഥിക്കുവാനും എല്ലാദിവസവും വി. അന്തോനീസിനോടുള്ള നൊവേന പ്രാർത്ഥന  ചൊല്ലുവാനും പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് മാസം 19 തീയതി മുതൽ ഒക്ടോബർ 13 ന്നാം തീയതി വരെ എല്ലാ ചൊവ്വാഴ്ചയും ഞാൻ ഉപവസിച്ച് പ്രാർത്ഥിച്ചിരുന്നു.  അത്ഭുതം ആയിട്ടുള്ള ഒരു കാര്യം എന്നു പറയുന്നത് ഞാൻ ഇപ്രകാരം ഉപവസിച്ച് പ്രാർത്ഥിച്ചു തുടങ്ങിയ അഞ്ചാമത്തെ ചൊവ്വാഴ്ചയിൽ എനിക്ക് നല്ലൊരു വിവാഹ ആലോചന വരുകയും ആറാമത്തെ ഉപവാസം എടുത്ത് പ്രാർത്ഥിച്ച് ചൊവ്വാഴ്ചയിൽ എന്റെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. തുടർന്നുള്ള മൂന്ന് ചൊവ്വാഴ്ചകൾ ഉപവാസത്തോടെ ഞാൻ നന്ദി ചൊല്ലി പ്രാർത്ഥിച്ചു. എന്റെ ജീവിതത്തിലെ ഈ വലിയ നിയോഗം എനിക്ക് സാധിച്ചു തന്നതിന് പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും ഒരായിരം നന്ദി അർപ്പിക്കുന്നു. എന്റെ ജീവിത പങ്കാളിയേയും എന്നെയും തന്നെ പൂർണമായും സമർപ്പിച്ചുകൊണ്ട് തുടർന്ന് ഞങ്ങളുടെ ജീവിതത്തിൽ നിങ്ങളുടെ മാധ്യസ്ഥം ഉണ്ടായിരിക്കണം എന്ന് അപേക്ഷിക്കുകയും ചെയ്യുന്നു. ഒരിക്കൽ കൂടി പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും നന്ദി, ദൈവത്തിനു സ്തുതി.