എന്റെ പേര് ജൂലി സെബാസ്റ്റ്യൻ. എന്റെ ജീവിതത്തിൽ പരി. അമ്മയുടെയും വി. അന്തോനീസിന്റേയും മധ്യസ്ഥതയാൽ ലഭ്യമായ വലിയ അനുഗ്രഹത്തിന് കൃതജ്ഞത ആയിട്ടാണ് ഞാൻ ഇത് എഴുതുന്നത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മൂന്നാമതൊരു കുഞ്ഞിനായി ഒരുങ്ങാൻ ഉള്ള ഭാഗ്യം ദൈവം എനിക്ക് നൽകി. ആദ്യത്തെ രണ്ട് ഡെലിവറിയും സിസേറിയനായിരുന്നു. അതിനുശേഷം ഞാൻ പ്രഗ്നൻറ് ആയെങ്കിലും കുഞ്ഞിനെ ഞങ്ങൾക്ക് ലഭിച്ചില്ല. മൂന്നാമതൊരു കുഞ്ഞിനായി ഞങ്ങൾ ഏറെ ആഗ്രഹിച്ചിരുന്നു. ഒന്നാമത്തെ കുഞ്ഞിനുവേണ്ടി എത്രമാത്രം ആഗ്രഹിച്ചു പ്രാർത്ഥിച്ചോ ആ ഒരു ആഗ്രഹത്തോടുകൂടി തന്നെ ഈയൊരു കുഞ്ഞിനുവേണ്ടിയും ഞാൻ പ്രാർത്ഥിച്ചു. ആദ്യത്തെ രണ്ട് ഡെലിവറി ഓപ്പറേഷൻ ആയതുകൊണ്ട് ഇത്തവണ മനസ്സിൽ എന്തെന്നില്ലാത്ത ഒരു പേടിയായിരുന്നു. ഡെലിവറിയുടെ കാര്യം ഓർക്കുമ്പോൾ മനസ്സിലേക്ക് വന്നിരുന്നത് ഓപ്പറേഷൻ തിയേറ്റർ ആയിരുന്നു. ആദ്യത്തെ രണ്ടു ഡെലിവറിയുടെ സമയത്തും എന്നെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോയ സമയത്ത് ഞാൻ വളരെയധികം പേടിയോടെ കൂടി കരയുകയും അസ്വസ്ഥമാക്കുകയും ചെയ്തിരുന്നു. ഈ ഒരു കാര്യം മനസ്സിൽ കിടക്കുന്നത് കൊണ്ട് ഞാൻ ഡെലിവറിക്ക് ഉള്ളിൽ കയറിയതിനു ശേഷം തിരികെ വരാത്ത ഒരു ചിന്ത എന്നെ പേടിപെടുത്തിയിരുന്നു. ആയതിനാൽ പല രാത്രികളും ഉറങ്ങുവാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഈയൊരു സാഹചര്യത്തിൽ നല്ല ഒരു കൗൺസിലറെ കണ്ട് നമുക്ക് സംസാരിക്കാം എന്നു വരെ എന്റെ ഭർത്താവ് എന്നോട് പറഞ്ഞു. ഈ ഒരു സാഹചര്യത്തിലാണ് ജൂൺ മാസത്തിലെ ഒരു ഞായറാഴ്ച ദിവസം ഞാൻ ഓൺലൈൻ വഴി യാദൃശ്ചികമായി കൊരട്ടിയിലെ വി അന്തോണീസ്സിന്റെ ഈ തീർത്ഥാടന കേന്ദ്രത്തിലെ ദിവ്യബലിയിൽ പങ്കുചേരുവാൻ ഇടവന്നത്. അന്നുമുതൽ മുടങ്ങാതെ എന്റെ മനസ്സിന്റെ പേടി സമർപ്പിച്ച് എനിക്കും കുഞ്ഞിനും സംരക്ഷണം നൽകണമെന്നും, ആരോഗ്യമുള്ള കുഞ്ഞിനെ നൽകണമെന്നും പരി. അമ്മയുടെയും അദ്ഭുത പ്രവർത്തകനായ വി. അന്തോനീസിന്റേയും മാധ്യസ്ഥം വഴി ഞാൻ പ്രാർത്ഥിച്ചു. ഡെലിവറിയുടെ ദിവസങ്ങൾ അടുത്തുവരുന്തോറും എനിക്ക് വല്ലാത്ത പേടി ആയിരുന്നു. പക്ഷേ സാവധാനം പ്രാർത്ഥനയിലൂടെ പരി. അമ്മയും വി. അന്തോണിസും ദൈവത്തോട് അപേക്ഷിച്ച് എന്റെ മനസ്സിന്റെ ഭയപ്പാട് മാറ്റി എനിക്ക് ശക്തി നൽകി. Dec. 8 ഡെലിവറിയുടെ ദിവസം എന്റെ ഭർത്താവ് മാത്രമാണ് എന്നോടൊപ്പം ഉണ്ടായിരുന്നത്. എന്നെ അത്ഭുതപ്പെടുത്തിയ ഏറ്റവും വലിയ ഒരു കാര്യം എന്നത് കഴിഞ്ഞ രണ്ടു സിസേറിയനും നടക്കുന്ന സമയത്ത് ഞാൻ വളരെയധികം പേടിച്ച് ആണ് ഓപ്പറേഷൻ തീയേറ്ററിലേക്ക് പോയതെങ്കിൽ ഇത്തവണ ഞാൻ വളരെയധികം സന്തോഷത്തോടെ കൂടെയാണ് ഓപ്പറേഷൻ തീയേറ്ററിലേക്ക് പോയത്. എനിക്ക് യാതൊരുവിധ ഭയപ്പാടും ഉണ്ടായിരുന്നില്ല. എന്റെ പേടിയുടെ ചിന്തകളൊക്കെ എന്നെ വിട്ടു പോയിരുന്നു. എനിക്ക് വല്ലാത്ത ഒരു ധൈര്യവും ആത്മവിശ്വാസവും അതിനേക്കാളുപരി വലിയ സന്തോഷവും എനിക്ക് അനുഭവപ്പെട്ടു. ആദ്യ രണ്ട് ഡെലിവറി കണ്ട നിന്നെയല്ല ഞാൻ മൂന്നാമത്തെ ഈ ഡെലിവറിയുടെ സമയത്ത് കണ്ടത് നീ വളരെയധികം സന്തോഷവതിയായിരുന്നു യാതൊരുവിധ പേടിയും നിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല എന്നാണ് എന്റെ ഭർത്താവ് പറഞ്ഞത്. പരിശുദ്ധ അമ്മയും വിശുദ്ധ അന്തോണിസ്സും എന്റെ ഇടത്തും വലത്തും കൂടെ ആയിരുന്നു കൊണ്ട് എനിക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്ന് എനിക്ക് വലിയ ഉറപ്പായിരുന്നു. ഓപ്പറേഷൻ വിജയകരമായി നടക്കുകയും എനിക്ക് ആരോഗ്യമുള്ള ഒരു ആൺകുഞ്ഞിനെ ദൈവം നൽകുകയും ചെയ്തു. ജീവിതത്തിൽ നിരാശയും ഭയപ്പാടും നിറയുന്ന സാഹചര്യങ്ങളിൽ ഒക്കെ പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണിസ്സേ ഞങ്ങൾക്കെല്ലാവർക്കും വേണ്ടി മാദ്ധ്യസ്ഥം വഹിക്കണം എന്ന് പ്രാർത്ഥിക്കുന്നു. ലഭിച്ച അനുഗ്രഹത്തിന് ഒരുപാടൊരുപാട് നന്ദി പറഞ്ഞുകൊണ്ട്.
ജൂലി സെബാസ്റ്റ്യൻ