ദൈവത്തിനു സ്തുതി. എന്റെ പേര് ജാൻസി വർഗീസ്. ഞാൻ കുടുംബസമേതം ഡൽഹിയിൽ താമസിക്കുന്നു.
ഞങ്ങളുടെ മകൻ ക്രിസ്റ്റോ വർഗീസിന് വേണ്ടിയാണ് ഈ സാക്ഷ്യം. മകൻ ഇപ്പോൾ പത്താം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ ആയിരുന്നു 2021 അക്കാദമിക് ഇയർ ലേക്കുള്ള അഡ്മിഷൻ. മകന്റെ പതിനൊന്നാം ക്ലാസിലെ അഡ്മിഷനു വേണ്ടിയാണ് ഞങ്ങൾ പ്രാർത്ഥിച്ചത്. ഞങ്ങൾ 2020 ഒക്ടോബർ മാസം മുതൽ എല്ലാദിവസവും ഓൺലൈനിലൂടെ കൊരട്ടിയിലെ തീർത്ഥാടന കേന്ദ്രത്തിൽ ഉള്ള കുർബാനയിലും നൊവേനയിലും ആരാധനയിലും പങ്കെടുത്ത് പ്രാർത്ഥിച്ചു തുടങ്ങി. പരിശുദ്ധ അമ്മയുടെയും ഉണ്ണീശോയുടെ വിശ്വസ്ത സ്നേഹിതനായ വിശുദ്ധ അന്തോണിസ്സിന്റേയും മാദ്ധ്യസ്ഥ യിൽ മകന്റെ പഠനകാര്യങ്ങൾ ഞങ്ങൾ സമർപ്പിച്ചു. ഒക്ടോബർ മാസം തൊട്ടുതന്നെ എല്ലാ ചൊവ്വാഴ്ചകളിലും ഒരു നേരം നോമ്പെടുത്ത് കൊണ്ട് മകന്റെ പഠന നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിച്ചു. അങ്ങിനെയിരിക്കെ നവംബർ മാസത്തിലെ പതിനൊന്നാം ക്ലാസിലേക്കുള്ള ഓൺലൈൻ ടെസ്റ്റിനുള്ള അറിയിപ്പ് ഞങ്ങൾക്ക് ലഭിച്ചു. അന്നു നടന്ന ടെസ്റ്റിൽ മകന് 50% സ്കോളർഷിപ്പ് കിട്ടി. പക്ഷേ അവന് 100% കിട്ടണമെന്ന് ആയിരുന്നു ഞങ്ങളുടെ ആഗ്രഹം. ഡിസംബർ മാസത്തിൽ ഒരു ഓൺലൈൻ ടെസ്റ്റ് കൂടി ഉണ്ടായിരുന്നു. ഡിസംബർ മാസത്തിലെ ടെസ്റ്റിന്റെ നിയോഗത്തിന് വേണ്ടി ഡിസംബർ മാസം പത്തു ദിവസങ്ങൾ ഞങ്ങൾ രാവിലെ 6:30 തിന് കുർബാനയിലും, ചൊവ്വാഴ്ചകളിലെ നൊവേന ശുശ്രൂഷകളിലും പങ്കെടുത്ത് കരഞ്ഞ് പ്രാർത്ഥിച്ചു. ദൈവകൃപയാൽ എന്നു പറയട്ടെ ഡിസംബർ മാസം പത്തൊമ്പതാം തീയതിയിലെ ഓൺലൈൻ ടെസ്റ്റിൽ 100% മാർക്കോടെ സ്കോളർഷിപ്പ് പാസാവാൻ മകനെ സാധിച്ചു. അതേത്തുടർന്ന് നടന്ന interation ടെസ്റ്റിലും 100% വിജയത്തോടെ മകന് പാസാവാൻ സാധിച്ചു. ഇത്രയും വലിയ അനുഗ്രഹം ഈശോയിൽ നിന്നും ഞങ്ങൾക്ക് നേടിത്തന്ന പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസ്സിന്റേയും വലിയ മാദ്ധ്യസ്ഥത്തിന് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങൾ കുടുംബസമേതം എല്ലാ ദിവസവും രാത്രിയിൽ വിശുദ്ധ അന്തോണിസ്സിന്റെ തിരു സ്വരൂപത്തിന് മുൻപിൽ തിരി കത്തിച്ചു വച്ച് ചെറിയ നൊവേന പ്രാർത്ഥന ചൊല്ലി ആണ് കിടക്കാറുള്ളത്. അതുകൂടാതെ ഞാൻ എല്ലാ ദിവസവും വിശുദ്ധ അന്തോണിസ്സിന്റെ പൂർണ്ണ നൊവേന മുടങ്ങാതെ ചൊല്ലി പ്രാർത്ഥിക്കാറുണ്ട്. ഞങ്ങളുടെ ജീവിതത്തിലെ വിവിധങ്ങളായ തടസ്സങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കുന്ന പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസ്സിനും ഒരായിരം നന്ദി. നിങ്ങളുടെ സന്നിധിയിൽ വന്നു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിച്ചുകൊണ്ട് ദൈവവിശ്വാസി വർഗ്ഗീസും കുടുംബവും.