Thanks Giving

കൃതജ്ഞത

ഞാന്‍ വളരെ ചെറുപ്പം മുതല്‍ കുടുംബത്തോടൊപ്പം വിശ്വാസത്തോടെ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്ന വ്യക്തിയാണ്. അന്തോണീസ്   പുണ്യാളന്റെ മധ്യസ്ഥതയില്‍ ഒത്തിരി അനുഗ്രഹങ്ങള്‍ ഈശോയില്‍ നിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്. ഈയടുത്ത് പുണ്യാളന്‍ എനിക്ക് നല്‍കിയ വലിയ ഒരു അനുഗ്രഹത്തിന് നന്ദി പറയാനാണ് ഞാന്‍ ഈ കൃതജ്ഞത എഴുതുന്നത്. 2019 ഒക്ടോബര്‍ മാസം ഞാന്‍  OET എക്‌സാം എഴുതുകയും ദൈവാനുഗ്രഹത്താല്‍ പാസാക്കുകയും ചെയ്തു. ഇന്റര്‍വ്യൂന് ക്ഷണിച്ചുകൊണ്ടുള്ള letter എനിക്ക് കിട്ടിയത് 2020ഫെബ്രുവരി മാസത്തിലാണ്. ഈ letter ഉള്ളവര്‍ക്കാണ് ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാനുള്ള യോഗ്യത ഉണ്ടായിരുന്നത്.  കൊറോണാ മഹാമാരി നാട്ടില്‍ ഗുരുതരം ആകുന്നതിനു മുന്‍പ്തന്നെ ഞാന്‍ രണ്ട് ഇന്റര്‍വ്യൂകള്‍ അറ്റന്‍ഡ് ചെയ്തിരുന്നു. നിര്‍ഭാഗ്യവശാല്‍ രണ്ടിനും ഞാന്‍ പരാജയപ്പെട്ടു. എന്നിരുന്നാലും പ്രതീക്ഷയോടെ ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു; എല്ലാ പ്രശ്‌നങ്ങളും മാറും, ഇന്റര്‍വ്യൂന്   എന്നെ വിളിക്കമെന്നൊരു ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഈ കഴിഞ്ഞ ഫെബ്രുവരി 2021 എനിക്ക് ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാനുള്ള അവസരം ലഭിച്ചു. അതിലും ഞാന്‍ പരാജയപ്പെട്ടപ്പോള്‍ വളരെയധികം വിഷമം തോന്നി. ഒരുപാട് സ്ഥലങ്ങളിലേക്ക് ഞാനെന്റെ  CV അയച്ചു കൊടുത്തു. ആരും എനിക്ക് മറുപടി തന്നില്ല. പല പ്രൈവറ്റ് ഏജന്‍സികളെയും ഞാന്‍ സമീപിച്ചു. ഏഴും എട്ടും ലക്ഷങ്ങളാണ് അവര്‍ ആവശ്യപ്പെടുക എന്നറിഞ്ഞിട്ടും, ഞാന്‍ അവിടേക്ക് പോയപ്പോള്‍  അവര്‍ പോലും എന്റെ CV എടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് എന്നെ നിരാശപ്പെടുത്തി. അങ്ങനെയിരിക്കെ ഈ ദേവാലയത്തില്‍ അന്തോണീസ് പുണ്യാളന്റെ അഴുകാത്ത നാവിന്റെ തിരുനാള്‍ ദിവസം ഞാന്‍ ഇവിടെ വരികയും കരഞ്ഞു പ്രാര്‍ത്ഥിക്കുകയും ചെയ്തു. അതിനുശേഷം എനിക്ക് ഇന്റര്‍വ്യൂ ഉണ്ടെന്ന് മെയില്‍ വന്നു.  അന്ന് മുതല്‍ ഞാന്‍ സാധിക്കുന്ന എല്ലാ ദിവസങ്ങളിലും ഈ പള്ളിയില്‍ വരികയും നൊവേന മുടങ്ങാതെ ചൊല്ലുകയും ഒരു നേരം ഉപവാസം എടുത്തു ഈ നിയോഗം പ്രത്യേകം കാഴ്ചവച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ആ ഇന്റര്‍വ്യൂ നടക്കുന്നതിന് മുന്‍പ് മണിക്കൂറുകളോളം ദിവ്യകാരുണ്യ സന്നിധിയില്‍ ഞാന്‍ വന്നു പ്രാര്‍ത്ഥിച്ചിരുന്നു.  അത്ഭുതമെന്ന് പറയട്ടെ ഞാന്‍ ആ ഇന്റര്‍വ്യൂ പാസാക്കുകയും  ഗവണ്‍മെന്റെിന്റെ  ഒരു ഹോസ്പിറ്റലിലേക്ക് എനിക്ക് selection കിട്ടുകയും ചെയ്തു. അന്തോണീസ് പുണ്യാളന്റെ  മുന്‍പില്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചതിന്റെ ഫലമായിട്ടാണ് എനിക്ക് ഇത്രയും വലിയ ഒരു അനുഗ്രഹം ലഭിച്ചത് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഒരിക്കല്‍ കൂടി പരിശുദ്ധ അമ്മയ്ക്കും  അന്തോണീസ് പുണൃളനും  ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അര്‍പ്പിച്ചുകൊണ്ട് അങ്ങയുടെ വിശ്വസ്ത ദാസി.