Thanks Giving

കൃതജ്ഞത


യേശുവേ സ്‌തോത്രം യേശുവേ നന്ദി !
നഷ്ടപ്പെട്ട വസ്തുക്കള്‍ വീണ്ടെടുത്ത് തരുന്ന അത്ഭുത പ്രവര്‍ത്തകനായ അന്തോണീസ് പുണ്യാളന്‍ എന്റെ മകളുടെ കുടുംബത്തിന് നല്‍കിയ അനുഗ്രഹത്തിന് നന്ദി അര്‍പ്പിക്കാനാണ് ഞാന്‍ ഈ കൃതജ്ഞത എഴുതുന്നത്. വര്‍ഷങ്ങളായി എന്റെ  മകള്‍ കുടുംബത്തോടൊപ്പം ലണ്ടനിലാണ് താമസിക്കുന്നത്. ഈയടുത്താണ് അവര്‍ അവിടെ ഒരു വീട് സ്വന്തമായി വാങ്ങിയത്. മൂന്ന് മാസങ്ങള്‍ക്കു മുന്‍പ് അവര്‍ താല്‍ക്കാലികമായി താമസിച്ചു കൊണ്ടിരിക്കുന്ന വീട്ടില്‍ വച്ച് അവളുടെ ഭര്‍ത്താവിന്റെ 5 പവന്റെ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടു. കുട്ടികളുമായി ഭര്‍ത്താവ് ഉറങ്ങുന്ന സമയം എന്റെ മകള്‍  ആ സ്വര്‍ണ്ണമാല ഭര്‍ത്താവിന്റെ കഴുത്തില്‍ നിന്നും ഊരി  ഒരിടത്ത്  മാറ്റി വെച്ചു. രണ്ടുപേരും ഇതിനെക്കുറിച്ച്  മറന്നുപോയി. മരുമകന്‍ പിന്നീട് കുളിക്കുമ്പോഴാണ് മാലയുടെ കാര്യം ഓര്‍ത്തത്. മാലയെക്കുറിച്ച്  മകളോട് ചോദിച്ചപ്പോള്‍ താനാണ് മാല കഴുത്തില്‍ നിന്നും ഊരി മാറ്റിയതെന്നും അത് എവിടെ വച്ചെന്ന് മറന്നു പോയെന്നും അവള്‍ ഭര്‍ത്താവിനോട് പറഞ്ഞു.  അവര്‍ ആ സ്വര്‍ണ്ണമാല വീട്ടില്‍ എല്ലായിടത്തും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. എല്ലാവരും വളരെ സങ്കടത്തിലായി. 
ഞാനും എന്റെ മക്കളും അന്തോണീസ് പുണ്യാളനോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ആ സ്വര്‍ണ്ണമാല  കണ്ടു കിട്ടാന്‍ വേണ്ടി എന്റെ മകള്‍ 5000 രൂപയും ഞാന്‍ അരപ്പവന്റെ ഒരു കാശു രൂപവും പുണ്യാളന്   നേര്‍ച്ച നേര്‍ന്ന് വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചു. ഞാന്‍ ഇവിടെ വന്ന്  പുണ്യാളനോട് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും കുര്‍ബാനയിലും നൊവേനയിലും ആരാധനയിലും ഈ നിയോഗം വെച്ച് പ്രാര്‍ത്ഥിക്കുകയും വികാരിയച്ചനോട്  നടന്ന കാര്യങ്ങള്‍ പങ്കുവയ്ക്കുകയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുകയും ചെയ്തു. അച്ചന്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അങ്ങനെ മൂന്നു മാസങ്ങള്‍ കടന്നു പോയി. അവര്‍ പുതിയ വീട്ടിലേക്ക് താമസം മാറേണ്ട ദിവസം വന്നു. വീടൊഴിഞ്ഞു കൊടുത്താല്‍ പിന്നെ മാല കിട്ടാനുള്ള സാധ്യതയും  ഇല്ലാതെയാവും. പുതിയ  വീട്ടിലേക്ക് അവര്‍ പോകുന്ന ദിവസം ഞാനിവിടെ വന്ന് പുണ്യാളനോട് പ്രാര്‍ത്ഥിച്ചു; എന്റെ മകള്‍ പുതിയ വീട്ടിലേക്ക് പോകുമ്പോള്‍ വിഷമത്തോടെ പോകരുതേയെന്നും ആ മാല പുണ്യാളന്‍ അവര്‍ക്ക് കാണിച്ചു കൊടുക്കണമേയെന്നും. 
പുതിയ വീട്ടിലേക്ക് പോകുന്ന ദിവസം സാധനങ്ങള്‍ എടുത്തു വയ്ക്കുന്ന സമയം അവളുടെ മൂത്തമകള്‍ കുട്ടികള്‍ കളിക്കാന്‍ ഉപയോഗിച്ചിരുന്ന മുറി വൃത്തിയാക്കുകയായിരുന്നു. മുറി വൃത്തിയാക്കുന്നതിനിടയില്‍  അവിടെയുള്ള ഒരു കട്ടില്‍  നീക്കിയിട്ടപ്പോള്‍ അവളുടെ അനിയത്തി കളിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു ചെപ്പില്‍ സ്വര്‍ണ്ണമാല എന്നു തോന്നിക്കുന്ന ഒരു വസ്തു കണ്ണില്‍പ്പെട്ടു. അത്ഭുതമെന്ന് പറയട്ടെ മൂന്നു മാസത്തിനു മുമ്പ് നഷ്ടപ്പെട്ട 5 പവന്റെ സ്വര്‍ണ്ണമാല ആയിരുന്നു അത്. ഉടന്‍തന്നെ അവള്‍  എടുത്തു കൊണ്ടുപോയി അമ്മയ്ക്ക്  കൊടുത്തു. ഇവിടെ ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ എനിക്ക് അവളുടെ ഫോണ്‍ വരികയും നഷ്ടപ്പെട്ട മാല കിട്ടി എന്ന് സന്തോഷത്തോടെ പറയുകയും ചെയ്തു. പുതിയ വീട്ടിലേക്ക് പോകുന്ന ദിവസം ആയതുകൊണ്ട് അവിടെ വൃത്തിയാക്കാന്‍ അവള്‍ക്ക് തോന്നിയത് പുണ്യാളന്റെ പ്രേരണയാലാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. സന്തോഷമാറുന്ന ഹൃദയത്തോടെയാണ് എന്റെ മകളും കുടുംബവും അവരുടെ പുതിയ വീട്ടിലേക്ക് അന്ന് താമസം മാറിയത്. നഷ്ടപ്പെട്ട വസ്തുക്കള്‍ വീണ്ടെടുത്ത് തരുന്ന പുണ്യാളന്‍ മാധ്യസ്ഥശക്തിയില്‍ ഞാനും എന്റെ കുടുംബവും ഉറച്ചുവിശ്വസിക്കുന്നു. ഇതുപോലെ സങ്കടപ്പെടുന്ന മക്കളുടെ പ്രാര്‍ത്ഥന കേട്ട് അവരെ ആശ്വസിപ്പിക്കണമേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അങ്ങയുടെ ഒരു വിശ്വാസി.