പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും നന്ദിയുടെ ആയിരം വാടാമലരുകള്‍ അര്‍പ്പിക്കുന്നു. എന്റെ പേര് റോസ്മി അനൂപ്.
ഞാന്‍ ഈ കൃതജ്ഞത എഴുതുന്നത് എന്റെ മകന് വേണ്ടിയാണ്. എന്റെ മകന്‍ ജനിച്ച് കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്റെ നെഞ്ചിന്റെ ഭാഗത്തായി രണ്ട് കുരുക്കള്‍ വരാന്‍ തുടങ്ങി. പിന്നീട് ആ കുരുക്കളുടെ എണ്ണം കൂടി വന്നു. അവന് ഒരു വയസ്സ് കഴിഞ്ഞപ്പോഴേക്കും കുരുക്കള്‍ ശരീരത്തിന്റെ പുറംഭാഗത്തു ധാരാളം വ്യാപിക്കാന്‍ തുടങ്ങി. അവനെ ആശുപത്രിയില്‍ കൊണ്ടു പോയി ഡോക്ടറെ കാണിച്ചപ്പോള്‍ പാലുണ്ണി പോലുള്ള ഒരു വൈറസാണ് ഈ കുരുക്കള്‍ക്ക് കാരണമെന്നും മരുന്നു കഴിച്ചാല്‍ മാറും എന്നു പറഞ്ഞു. എന്നാല്‍ എന്റെ കുഞ്ഞിന്റെ രോഗസൗഖ്യത്തിനുവേണ്ടി ഞാന്‍ വിശുദ്ധ അന്തോണീസിനോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. എന്റെ മകന്റെ ശരീരത്തില്‍ 26 കുരുക്കള്‍ ഉണ്ടായിരുന്നു. ഞാന്‍ ആ കുരുക്കളുടെ എണ്ണം ഒരു കടലാസില്‍ എഴുതി ആ കടലാസ് പുണ്യാളന്റെയും പരിശുദ്ധ അമ്മയുടെയും അത്ഭുത തിരൂസ്വരൂപങ്ങള്‍ക്കു മുന്‍പില്‍ സമര്‍പ്പിച്ച് വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചു. എന്റെ മകന്റെ ശരീരത്തിലെ ഈ കുരുക്കള്‍ പൂര്‍ണ്ണമായും സൗഖ്യമാക്കിയാല്‍ കൃതജ്ഞത എഴുതി സാക്ഷ്യപ്പെടുത്തമെന്ന് നേര്‍ന്നു പ്രാര്‍ത്ഥിച്ചു. അത്ഭുതമെന്ന് പറയട്ടെ എന്റെ വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയുടെ ഫലമായി എന്റെ മകന്റെ ശരീരത്തിലുള്ള എല്ലാ കുരുക്കളും പൂര്‍ണമായി ഉണങ്ങി പോവുകയും അവയുടെ പാടുപോലും ബാക്കി വയ്ക്കാതെ അപ്രത്യക്ഷമാവുകയും ചെയ്തു. ഇത്രയും വലിയ അനുഗ്രഹം ഉണ്ണീശോയില്‍ നിന്നും വാങ്ങിയതന്ന പുണ്യാളനും പരിശുദ്ധ അമ്മയ്ക്കും ഒരിക്കല്‍ക്കൂടി ഒരായിരം നന്ദി അര്‍പ്പിക്കുന്നു, എന്ന് അങ്ങയുടെ വിശ്വസ്ത ദാസി റോസ്മി അനൂപ്.