Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും കോടാനുകോടി നന്ദിയുടെ വാടാമലരുകള്‍.  പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള അന്തോണീസ് പുണ്യാളന്റെ നൊവേന നടക്കുന്ന കൊരട്ടിയിലെ തീര്‍ത്ഥാടന കേന്ദ്രത്തിലെ തിരുക്കര്‍മ്മങ്ങള്‍ ഓണ്‍ലൈനിലൂടെ കണ്ടുകൊണ്ടിരിക്കുന്ന ഒരു എളിയ ഭക്തനാണ് ഞാന്‍. ഇവിടെ വന്നു പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റെയും  മാധ്യസ്ഥതാല്‍ ഈശോയില്‍ നിന്നും ധാരാളം നന്മകളും പ്രാപിച്ചിട്ടുള്ള വ്യക്തി കൂടിയാണ്  ഞാന്‍.  ഇപ്പോള്‍ ഈ കൃതജ്ഞത എഴുതുന്നത് എനിക്ക് ലഭിച്ച ഒരു വലിയ നന്മയ്ക്ക് നന്ദി പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ്. മൂന്നുമാസം മുമ്പ് എന്റെ കാലിന്റെ മുട്ടിന് വലിയ ഒരു അപകടം സംഭവിച്ചു.  പല ചികിത്സകള്‍ നടത്തിയെങ്കിലും ഫലമൊന്നും കാണാതെ അവസാനം കീഹോള്‍ സര്‍ജറി തന്നെ നടത്തി.  ഒരു മാസത്തെ റസ്റ്റ് കഴിഞ്ഞ് സാധാരണ പോലെ നടക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്.  എന്നാല്‍ ഒരു മാസത്തിന് പകരം രണ്ടുമാസം കഴിഞ്ഞിട്ടും എനിക്ക് ശരിയായി നടക്കുവാന്‍ സാധിച്ചില്ല. കോവിഡ് 19 കാരണം സാമ്പത്തികമായും ഞാന്‍ വളരെ വിഷമത്തിലായി. ഈ അവസരത്തില്‍ ഞാന്‍ ഈ തീര്‍ത്ഥാടന കേന്ദ്രത്തിലെ അന്തോണീസ് പുണ്യാളന്റെ അഴുകാത്ത നാവിന്റെ തിരുനാള്‍ തുടക്കത്തിലെ വിശുദ്ധ കുര്‍ബാനയിലും നൊവേനയിലും തുടര്‍ന്നുള്ള ദിവ്യകാരുണ്യ ആരാധനയിലും കണ്ണീരോടെ കൂടെ പ്രാര്‍ത്ഥിക്കുകയും, എന്റെ ഈ വിഷമ സ്ഥിതി മാറി കിട്ടിയാല്‍ കൃതജ്ഞത എഴുതിയിടാമെന്ന് നേരുകയും ചെയ്തു. എന്റെ പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടായി. എന്റെ കാലിന്റെ പ്രയാസം എല്ലാം മാറി കിട്ടി. ഇത് സ്‌നേഹനിധിയായ പരിശുദ്ധ മാതാവിന്റെയും  വിശുദ്ധ അന്തോണിസിന്റെയും സഹായത്താല്‍ ഈശോ പിതാവായ ദൈവത്തില്‍ നിന്നും വാങ്ങി തന്നതാണെന്ന് ഞാനും എന്റെ കുടുംബവും ഉറച്ച് വിശ്വസിക്കുന്നു. എന്റെയും എന്റെ കുടുംബത്തിനെയും ഹൃദയം നിറഞ്ഞ നന്ദി. ഇവിടെ വരുന്ന എല്ലാ മക്കള്‍ക്കും  അനുഗ്രഹങ്ങള്‍ ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ അങ്ങയുടെ വിനീത ദാസന്‍.